ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ പേരാമ്പ്ര ബ്ളോക്കിലെ ചങ്ങരോത്ത്, പാലേരി വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്. 30.24 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മരുതോങ്കര, കുറ്റ്യാടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകളും,  പടിഞ്ഞാറുഭാഗത്ത് പേരാമ്പ്ര, വേളം, കുറ്റ്യാടി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളുമാണ്. 1962 ഫെബ്രുവരി 5-നാണ് പഞ്ചായത്ത് രൂപീകൃതമായത്. എം.അബ്ദുള്ളക്കുട്ടി മൌലവി പ്രഥമ പൌരനായി 1963 ഡിസംബര്‍ 16-ന് അധികാരമേറ്റു. കുറ്റ്യാടിപാലം, കുറ്റ്യാടി ജലസേചനപദ്ധതി, മലയോരവികസനം എന്നിവയുടെ കടന്നുവരവോടെ പഞ്ചായത്തിന്റെ മുഖച്ഛായ മാറാന്‍ തുടങ്ങി. പഴയകാലം മുതല്‍ക്കെ ജനാധിവാസകേന്ദ്രമായിരുന്നു ഈ പ്രദേശത്തെ കൂനിയോട്. വ്യാപാര കേന്ദ്രമായ വടകര പട്ടണവുമായി തോണിമാര്‍ഗ്ഗം കച്ചവടബന്ധം പുലര്‍ത്തിയ കൂനിയോടിനെ ചങ്ങരോത്തിന്റെ തുറമുഖം എന്ന് വിശേഷിപ്പിക്കാം. കൂത്താളി എസ്റ്റേറ്റ് സമരം, മുതുകാട് സമരം എന്നിവ ഈ പ്രദേശത്ത് നടന്ന പ്രധാന സമരങ്ങളാണ്. കൂനിയോട് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഓണക്കളിക്കും, പുലിക്കളിക്കും കൊയിലാണ്ടിയിലെ കൊല്ലം പിഷാരികാവില്‍ നടക്കുന്ന ആഘോഷങ്ങളുമായി വലിയ സാദൃശ്യമുണ്ട്. കൊല്ലം ഭാഗത്തുനിന്ന് കുടിയേറിപ്പാര്‍ത്ത വ്യാപാരികളാണ് കുനിയോട് വ്യാപാരികളായി മാറിയത്.